തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി. ഓൺലൈൻ ജോലിയിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന േഫസ്ബുക്കിലെ പരസ്യത്തിൽ ആകൃഷ്ടയായി പണം നിക്ഷേപിച്ച യുവതിക്ക് 9.5 ലക്ഷമാണ് നഷ്ടമായത്.
മാസങ്ങൾക്ക് മുമ്പാണ് യുവതി ഫേസ്ബുക്കിലെ പരസ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് കാണിച്ച് പോങ്ങുംമൂട് സ്വദേശിയായ 29കാരി പരസ്യത്തിന് താഴെ കമന്‍റ് ചെയ്തു. തുടർന്ന് ഇവരെത്തേടി മെസഞ്ചറിൽ സന്ദേശങ്ങളെത്തി.
മെസഞ്ചറിൽ വരുന്ന യുട്യൂബ് വിഡിയോ ലിങ്കുകൾ തുറന്ന് അവയ്ക്ക് ലൈക്ക് നൽകുക എന്നതായിരുന്നു ജോലി. ജോലിക്ക് ഇരട്ടി കൂലിയായിരുന്നു വാഗ്ദാനം. ചെയ്ത ജോലിക്ക് പറഞ്ഞപോലെ പണം കിട്ടിയതോടെ താൽപര്യം കൂടി. തുടർന്ന് കൂടുതൽ പണം കിട്ടണമെങ്കിൽ ബിറ്റ് കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഇവർ ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ഈ തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. യുവതിയുടെ പരാതിയിൽ പട്ടം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.