വീരമൃത്യുവരിച്ച അഗ്നിവീറുകൾക്ക് ധനസഹായമില്ലെന്ന് രാഹുൽ ഗാന്ധി; നിഷേധിച്ച് സൈന്യം

news image
Oct 23, 2023, 6:09 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: ജോലിക്കിടെ സിചായിനില്‍ വീരമൃത്യുവരിച്ച അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന്റെ കുടുംബത്തിന് നല്‍കുന്ന ധനസഹായം സംബന്ധിച്ച് വ്യക്തത വരുത്തി കരസേന. വീരമൃതു വരിക്കുന്ന അഗ്നീവീറുകൾക്ക് സഹായമൊന്നും ലഭിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയാണ് സേനയുടെ വിശദീകരണം. സൈനികരുടെ സേവന വ്യവസ്ഥകളും ചട്ടങ്ങളും പ്രകാരം കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

സാമ്പത്തിക സഹായം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന മുഖവുരയോടെയാണ് സൈന്യം ലക്ഷ്മണിന്റെ കുടുംബത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിശദീകരിച്ചത്. നോണ്‍ കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് തുകയായി 48 ലക്ഷം രൂപയും എക്സ്ഗ്രേഷ്യ പേയ്മെന്റായി 44 ലക്ഷം രൂപയും നല്‍കുന്നതിന് പുറമെ അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കും. ലക്ഷമണിന്റെ കാര്യത്തില്‍ ഇത് ഏകദേശം 13 ലക്ഷത്തിലധികം രൂപ വരും. ആംഡ് ഫോഴ്സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അടിയന്തിര ധനസഹായമായി ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 30,000 രൂപയും നല്‍കുമെന്ന് സൈന്യം വിശദീകരിക്കുന്നു.
അഗ്നിവീര്‍ പദ്ധതി നടപ്പാക്കിയതിന് ശേഷം വീരമൃത്യുവരിക്കുന്ന ആദ്യത്തെ സൈനികനാണ് അക്ഷയ് ലക്ഷ്മണ്‍. അതേസമയം ധീരരായ സൈനികരെ അപമാനിക്കുന്നതാണ് അഗ്നിവീര്‍ പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വീരമൃത്യുവരിച്ചാല്‍ സൈനികരുടെ കുടുംബത്തിന് പെന്‍ഷനോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അസംബന്ധവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe