തിരുവനന്തപുരം: കേരളത്തെ നടുക്കി തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ എഫ്.ഐ.ആര് പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്.
റിപ്പര്‍ മോഡൽ നിഷ്ഠുരമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചുറ്റിക അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് 23കാരനായ അഫാൻ അഞ്ചുപേരെയും കൊലപ്പെടുത്തിയത്.
പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും റൂറൽ എസ്പി പറഞ്ഞു. ചിലരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും വിവരമുണ്ട്. മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരും അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും വലിയ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.
പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം അടക്കം കൂടുതൽ പരിശോധന ആവശ്യമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രാഥമിക വിവരമുണ്ട്. ഇക്കാര്യങ്ങളിലൊക്കെ വിശദമായ അന്വേഷണം വേണം. ചുറ്റികകൊണ്ട് മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും റൂറൽ എസ്പി പറഞ്ഞു.