വേലിയെ ചൊല്ലി തർക്കം, കലികൊണ്ട് വീട്ടമ്മ; കൊച്ചിയിൽ അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമം, അറസ്റ്റ്

news image
Aug 4, 2023, 4:51 pm GMT+0000 payyolionline.in

കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് വൈകിട്ട് 4 മണിയോടെ പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടിൽ ഷാജിയെയും മകൻ വിഷ്ണുവിനെയും വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അയൽവാസികളായ ബേബിയും ഷാജിയും തമ്മിൽ വർഷങ്ങളായി അതിർത്തിവേലിയെ സംബന്ധിച്ച് തർക്കം നില നിൽക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം നടന്നത്. വിഷ്ണുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ ബേബി കയ്യിലിരുന്ന വാക്കത്തി കൊണ്ട്   വിഷ്ണുവിനെയും അതിക്രമം തടയാൻ ശ്രമിച്ച അച്ഛൻ ഷാജിയേയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കു പറ്റിയ ഷാജിയും വിഷ്ണുവും ആശുപത്രിയിൽ ചികിൽസയിലാണ്. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ വി.സി.സൂരജ് എസ്.ഐമാരായ എം.എസ് ഷെറി, വി.എം.റസാഖ് സി.പി.ഒ മാരായ എൻ.എം. പ്രണവ്, കെ.ജിഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe