വ്യാജമദ്യ ദുരന്തം, തമിഴ്നാട്ടില്‍ മരണം 10 ആയി, 35 പേർ ചികിത്സയിൽ, രണ്ടുപേരുടെ നില ഗുരുതരം

news image
May 15, 2023, 4:41 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. 35 പേരോളം ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്.  മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്. വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ  റിപ്പോര്‍ട്ടുചെയ്തു. വ്യാജമദ്യം കഴിച്ചവരില്‍ 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്.

തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ആണ് ആദ്യം വ്യാജമദ്യദുരന്തം റിപ്പോർട്ട് ചെയ്തത്. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എല്ലാവരുടെയും മരണം. വ്യാജ മദ്യം നിർമ്മിച്ച അമരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടിടത്തെയും വ്യാജമദ്യ ദുരന്തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഐ.ജി എന്‍ കണ്ണന്‍  പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe