തിരുവനന്തപുരം: ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍കുമാര്‍ നായര്‍ എന്നിവരുൾപ്പെട്ട കേസിൽ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു.
62 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി. രാശിത്താണ് സമര്‍പ്പിച്ചത്. കുറ്റപത്രപ്രകാരം കൊലപാതകം (ഐ.പി.സി 302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
2022 ഒക്ടോബർ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനത്തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും ആശുപത്രിയിൽ മരിച്ചുവെന്നുമാണ് കേസ്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈകോടതിയുടെ ജാമ്യത്തിലാണ്. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവന് നിര്‍മല്‍കുമാര്‍ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.