വടകര : ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൌശല മേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പത്ര മാധ്യമ വിഭാഗത്തിലെ അവാര്‍ഡ് മാതൃഭൂമി പയ്യോളി ലേഖകന്‍ സി എം മനോജ് കുമാറിന്.10000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. ആറാം തവണയാണ് മനോജ്കുമാറിന് ഈ പുരസ്കാരം ലഭിക്കുന്നത്. സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനില്‍ നിന്ന് മനോജ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ലക്ഷ്മി പ്രദീപ് ( കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ മേധാവി), ഡോ എം ആര് ദിലീപ് (ഡയറക്ടര്‍ , കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് – തിരുവനന്തപുരം), ഡോ ഇ പി എ സന്ദേശ് (ഡയറക്ടര്‍ യു എല്‍ റിസര്‍ച്ച് ) എന്നിവരുടെ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ 24 ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മടം മികച്ച റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ് നേടി. കരകൌശല മേഖലയിലെ പ്രവര്‍ത്തകര്‍ക്കായി മറ്റ് അഞ്ചു അവാര്‍ഡുകളും പ്രഖ്യാപിച്ചു.