കോഴിക്കോട് : വയോധികനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45)ആണ് പൊലീസ് പിടിയിലായത്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിസി റോഡിലാണ് സംഭവം. കഴിഞ്ഞ മാസം 27 ന് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വാർധക്യ പെൻഷൻ വാങ്ങി പോയ ചക്കുംകടവ് നദീ നഗർ സ്വദേശിയുടെ പണമാണ് കവർന്നത്.
വയോധികൻ ബിസി റോഡിലുള്ള ആയിഷ കോട്ടേജ് ഫ്ലാറ്റിലേക്ക് പെൻഷൻ വാങ്ങിയ ശേഷം പോകുമ്പോൾ ബിസി റോഡ് ജംക്ഷനു സമീപം റോഡിൽ കാൽ തെറ്റി വീണിരുന്നു. ഇതേത്തുടർന്ന് ആളുകൾ ഓടിക്കൂടുകയും അവിടെ വച്ച് പരാതിക്കാരനെ വീട്ടിൽ എത്തിക്കാം എന്ന വ്യാജേന പ്രതി കൂട്ടി കൊണ്ട് പോകുകയുമായിരുന്നു. ഫ്ലാറ്റിൽ പോകുന്ന വഴിയിൽ പരാതിക്കാരനെ പിടിച്ച് തള്ളിയിട്ട ശേഷം ഷർട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന 4000 രൂപയും ആധാർ കാർഡും മറ്റ് രേഖകളും അടങ്ങിയ പഴ്സും കവർന്ന് രതീഷ് കടന്നുകളയുകയായിരുന്നു.
വയോധികന്റെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്ക് ബേപ്പൂർ, മാറാട്, നല്ലളം സ്റ്റേഷനുകളിലായി വിൽപനയ്ക്കായി മദ്യം കൈവശം വച്ചതിനും പൊതുജന ശല്യത്തിനും അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിനും പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും നിരവധി കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
