വടകര: സാന്റ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമില്ല, സഞ്ചാരികൾ ദുരിതത്തിൽ. നിരവധി സഞ്ചാരികളെത്തുന്ന സാന്റ് ബാങ്ക്സിൽ ശുചിമുറിയും വിശ്രമ കേന്ദ്രവും അടച്ചുപൂട്ടി. ശുചിമുറിയടക്കം പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും ഡി.ടി.പി.സിയും ടൂറിസം വകുപ്പും അത് തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നു.
സഞ്ചാരികളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം ഒരാൾക്ക് 10 രൂപ വീതമാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. സഞ്ചാരികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉത്തരവാദിത്തം പോലുമില്ലാതെയാണ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. ശുചിമുറി അടച്ചുപൂട്ടിയതിനാൽ സമീപത്തുള്ള വീടുകളെയാണ് സ്ത്രീകളടക്കമുള്ളവർ ആശ്രയിക്കുന്നത്. ഇത് വീട്ടുകാർക്കും ബുദ്ധിമുട്ടുകൾക്കിടയാക്കുന്നു. ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ വികസനം നടത്തിയ സാന്റ് ബാങ്ക്സിൽ പല പദ്ധതികളും പാതി വഴിയിൽ അവസാനിപ്പിക്കുകയുണ്ടായി.
നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ബോട്ടുജെട്ടി തകർന്നിരിക്കുകയാണ്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സഞ്ചാരികളുടെ പറുദീസയായി മാറേണ്ട സാന്റ് ബാങ്ക്സ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനംമൂലം നാശത്തിലേക്ക് നീങ്ങുകയാണ്.