സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍

news image
Apr 14, 2023, 4:59 pm GMT+0000 payyolionline.in

ലുധിയാന: സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍. നിര്‍ത്താനുള്ള ട്രാഫിക് പൊലീസുകാരന്‍റെ സിഗ്നല്‍ അവഗണിച്ച കാറുടമ ബോണറ്റു കൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറില്‍ വലിച്ചിഴയ്ക്കുകയായിരുന്നു. ഒരു കിലോമീറ്ററിലേറെ ദൂരം ഇത്തരത്തില്‍ പോയ ശേഷം കാര്‍ വലിയൊരു ഗതാഗതക്കുരുക്കില്‍ പെട്ടതാണ് പൊലീസുകാരന് രക്ഷയായത്. ലുധിയാനയിലെ മാതാ റാണി ചൌക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

രണ്ട് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം നടന്നത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍ദീപ് സിംഗിനാണ് ഡ്യൂട്ടിക്കിടെ ജീവന് വെല്ലുവിളിയാകുന്ന സംഭവമുണ്ടായത്. തിരിക്കേറിയ സിംഗ്നലില്‍ വാഹനം നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ചതാണ് കാറിലുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്. ഇവര്‍ വാഹനം നിര്‍ത്താതെ സിഗ്നല്‍ കാണിച്ച പൊലീസുകാരന് നേരെ കാറുമായി പാഞ്ഞ് അടുക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി ജലന്ധര്‍ ബൈപ്പാസിലേക്ക് കയറി കാര്‍ ഓടിച്ച് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. കാര്‍ യാത്രക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ലുധിയാന അസിസ്റ്റന്‍റ് കമ്മീഷണര്‍ വിശദമാക്കി. സംശയിക്കുന്ന രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് വിശദമാക്കി. കൊലപാതക ശ്രമം. കൃത്യ നിര്‍വ്വഹണത്തിന് തടസം സൃഷ്ടിക്കുക, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് കാറിലുണ്ടായിരുന്നവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe