താമരശ്ശേരി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിലെ വാട്ടർബോട്ടിലിൽ നിന്ന് വാറ്റുചാരായം കണ്ടെത്തി. സ്കൂളിലെ ചില കുട്ടികൾ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ ബാഗ് പരിശോധനയിലാണ് അരലിറ്റർ ചാരായം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കട്ടിപ്പാറ ചമൽ കേളൻമൂലയിലെ റബ്ബർത്തോട്ടത്തിൽ നിന്നും 56 കുപ്പികളിലായി (28 ലിറ്റർ) സൂക്ഷിച്ച വാറ്റുചാരായ ശേഖരവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശനെതിരെ (40) അബ്കാരി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്. മദ്യം സ്കൂളിലേക്ക് എത്തിച്ച കുട്ടിയുടെ രണ്ടാനച്ഛനാണ് ചാരായം നിർമ്മിച്ചതെന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച സ്കൂൾ സംരക്ഷണസമിതി യോഗം അവസാനിക്കാനിരിക്കെയാണ് ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് മദ്യം കൊണ്ടുവരുന്നതായി അധ്യാപികയ്ക്ക് സംശയം തോന്നിയത്. ഒരു കുട്ടി ഇതിനോടകം മൂന്ന് തവണ സ്കൂളിൽ മദ്യം എത്തിച്ചെന്നും ആറോളം വിദ്യാർത്ഥികൾ ഇത് ഉപയോഗിച്ചെന്നും വിവരമുണ്ടായിരുന്നു. തുടർന്ന് സംശയനിഴലിലുള്ള പതിനഞ്ചുകാരനായ വിദ്യാർത്ഥി ക്ലാസിന് പുറത്തുപോയ സമയത്ത് അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴാണ് വാട്ടർബോട്ടിലിൽ ചാരായം കണ്ടെത്തിയത്.
അധ്യാപകരുടെ ചോദ്യംചെയ്യലിൽ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ഇത് ബാഗിൽ വെച്ചതെന്ന് കുട്ടി സമ്മതിച്ചു. തുടർന്ന് ഈ വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെയാണ് വ്യാജമദ്യം വിതരണം ചെയ്യുന്ന രമേശനെക്കുറിച്ചും ചാരായം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്. മറ്റൊരു സ്ഥലത്തുനിന്നും വ്യാജമായി നിർമ്മിച്ച ചാരായം വിൽപനയ്ക്കായി ഇവിടെ ചാക്കുകളിൽ കെട്ടി സൂക്ഷിക്കുകയായിരുന്നു.
മദ്യം സ്കൂളിലേക്കു കൊണ്ടുവന്ന കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച കുട്ടിയെയും പോലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. പ്രിൻസിപ്പൽ എസ്.ഐ. ഗൗതം ഹരി, എസ്.ഐമാരായ വി.കെ. റസാഖ്, പി.പി. മുഹമ്മദ് ആഷിഖ്, ബിൻസ് ജോസഫ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയുടെ ഒളിത്താവളത്തിൽ പരിശോധന നടത്തിയത്. ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
