ന്യൂഡൽഹി: നിയമ വിരുദ്ധമായി തന്റെ ‘സ്റ്റുഡന്റ്സ് വിസ’ റദ്ദാക്കിയതിനെതിരെ യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ പരാതിയുമായി ഇന്ത്യൻ വിദ്യാർഥിനി രംഗത്ത്.
2021 ആഗസ്റ്റ് മുതൽ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് പഠിക്കുന്ന ഇന്ത്യക്കാരിയായ ചിന്മയി ഡിയോർ (21) ആണ് അമേരിക്കൻ അധികൃതരുടെ നിയമ വിരുദ്ധ നടപടിക്കെതിരെ രംഗത്തു വന്നത്. നിലവിൽ യു.എസിൽ നിന്ന് നാടുകടത്താൻ സാധ്യതയുള്ളവരുടെ ലിസ്റ്റിലാണ് ഈ വിദ്യാർഥിനി.
ഇവർക്കൊപ്പം ചൈനയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള മറ്റ് മൂന്ന് വിദ്യാർഥികളും യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കും (ഡി.എച്ച്.എസ്) ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മതിയായ അറിയിപ്പും വിശദീകരണവുമില്ലാതെയാണ് സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിലെ തങ്ങളുടെ സ്റ്റുഡന്റ്സ് ഇമിഗ്രേഷൻ സ്റ്റാറ്റസ് നിയമവിരുദ്ധമായി അവസാനിപ്പിച്ചതായിവിദ്യാർഥികൾ പരാതിപ്പെട്ടത്. 2004 ൽ എച്ച്-4 ആശ്രിത വിസയിലാണ് ചിന്മയി ഡിയോർ കുടുംബത്തോടൊപ്പം അമേരിക്കയിൽ എത്തിയത്.
പിന്നീട് 2014 ൽ മിഷിഗണിൽ ഹൈസ്കൂൾ പൂർത്തിയാക്കിയ ശേഷം എച്ച്-4 വിസയിൽ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. റിപ്പോർട്ടുകൾ പ്രകാരം ചിന്മയിക്കെതിരെ അമേരിക്കയിൽ ഇതുവരെ ഒരു തരത്തിലുള്ള കുറ്റം ചുമത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.