സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിൽ; ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം

news image
Jun 30, 2026, 4:44 am GMT+0000 payyolionline.in

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ രണ്ടിന് പ്രതിഷേധ സൂചകമായി കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സർവീസുകളുമായി മുന്നോട്ട് പോകാൻ കഴിയാത്ത വിധം സ്വകാര്യ ബസ് മേഖല തകർച്ചയിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.

 

​കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് കാരണം പ്രതിദിനം 3000 മുതൽ 4000 രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. ഇതിനൊപ്പം ഇന്ധനവില വർധനവ് കൂടിയായതോടെ സർവീസ് പൂർണ്ണമായും നഷ്ടത്തിലായി. ഈ സാഹചര്യത്തിൽ ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലൈ രണ്ടിന് കളക്ടറേറ്റിന് മുന്നിൽ സമരം സംഘടിപ്പിക്കുന്നത്.

 

​കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് റൂട്ടിലും കോഴിക്കോട് – കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലുമാണ് നിലവിൽ വലിയ നഷ്ടം നേരിടുന്നത്. ആയിരത്തി ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ, പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ വൈകാതെ തന്നെ സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe