റിയാദ്: വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഹരീഖിൽ നിന്ന് മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്.