സൗദി അറേബ്യയില്‍ തൊഴില്‍ വിസാ സ്റ്റാമ്പിങിനും ഇനി വിരലടയാളം നിര്‍ബന്ധം; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പ്

news image
Jan 8, 2024, 5:04 pm GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങിനും വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതലുള്ള വിസാ സ്റ്റാമ്പിങുകള്‍ക്ക് ഇത് ബാധകമായിരിക്കുമെന്ന് മുംബൈയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.

മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ജനുവരി 15 മുതല്‍ തൊഴില്‍ വിസകളുടെ സ്റ്റാമ്പിങിനും വിരലടയാളം നിര്‍ബന്ധമാണെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ വിസ സര്‍വീസിങ് നടപടികളുടെ കരാറെടുത്തിരിക്കുന്ന ഏജന്‍സിയായ വി.എഫ്.എസിന്റെ ഓഫീസില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് എത്തി വിരലടയാളം നല്‍കേണ്ടിവരും.

2022ല്‍ തൊഴില്‍ വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കുന്ന അറിയിപ്പ് സൗദി അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വി.എഫ്.എസ് ശാഖകളുടെ എണ്ണം കുറവായതിനാല്‍ അവിടങ്ങളില്‍ തിരക്കേറുമെന്നും പെട്ടെന്ന് മാറ്റം കൊണ്ടുവരുമ്പോള്‍ മറ്റ് പ്രായോഗിക പ്രയാസങ്ങളുണ്ടാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് അന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രമായി വിരലടയാളം നിര്‍ബന്ധമാക്കി.

അടുത്തയാഴ്ചയോടെ തൊഴില്‍ വിസകള്‍ക്കും കൂടി വിരലടയാളം നിര്‍ബന്ധമാക്കുന്നതോടെ ഉംറ വിസ ഒഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമായി മാറിയിരിക്കുകയാണ്. ഉംറ വിസയ്ക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത് എന്നതിനാല്‍ വിസ ലഭിച്ചാല്‍ ഉടനെ യാത്ര സാധ്യമാവും. അതേസമയം പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ വി.എഫ്.എസ് കേന്ദ്രങ്ങളില്‍ തിരക്കേറുകയും വിസാ സ്റ്റാമ്പിങ് നടപടികള്‍ക്ക് കാലതാമസം വരികയും ചെയ്യുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. രാജ്യത്ത് ആകെ 10 നഗരങ്ങളിലാണ് വി.എഫ്.എസ് ശാഖകളുള്ളത്. ഇവയില്‍ രണ്ടെണ്ണമാണ് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe