പയ്യോളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വർഷമായി ദുരിതമനുഭവിക്കുകയാണ് പെരുമാൾപുരത്തെ വ്യാപാരികൾ. സർവ്വീസ് റോഡ് സംബന്ധമായ അനിശ്ചിതത്വമാണ് പയ്യോളിക്കും പയ്യോളി ഹൈസ്കൂളിനും ഇടയിൽ കിഴക്കുഭാഗത്തുള്ള വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ കാരണം. ദേശീയപാത വികസനത്തിനായി മുൻഭാഗത്തുള്ള സ്ഥലങ്ങൾ വിട്ടു നൽകിയ ശേഷം ബാക്കിയുള്ള സ്ഥലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലെ വ്യാപാരികളാണ് ആശങ്കയോടെ ജീവിക്കുന്നത്.
![](https://payyolionline.in/wp-content/uploads/2025/02/fgfgcdd.jpg)
ദേശീയപാതയിൽ പെരുമാൾപുരത്ത് സർവീസിസ് റോഡിനോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു.
ഒന്നരവർഷം മുമ്പ് കിഴക്കുഭാഗത്തുള്ള സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തെങ്കിലും കഴിഞ്ഞ മെയ് അവസാനവാരത്തോടെ മഴ ശക്തമായതിനാൽ സർവീസ് റോഡും പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴിയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് സർവീസ് റോഡ് അടച്ചിട്ട് പഴയ ഹൈവേയിലൂടെ ഗതാഗതം തിരിച്ചുവിട്ടു. യാത്രാസംബന്ധമായ പരാതികൾ അവിടെ അവസാനിച്ചുവെങ്കിലും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴികൾ വെള്ളത്തിൽ മുങ്ങി തന്നെ കിടന്നു.
വെള്ളം ഒഴുകി പോകാൻ ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത മഴക്കാലത്ത് എന്ത് സംഭവിക്കും എന്ന് ആധിയിലാണ് വ്യാപാരികൾ. ഈ റോഡിന് സമീപത്തുള്ള വാട്ടർ സർവീസ് സ്റ്റേഷനും തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയും ഹോട്ടലും ഉൾപ്പെടെയുള്ളവ മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ഇവിടങ്ങളിലെ ജീവനക്കാരും ഇക്കാരണത്താൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സർവീസ് റോഡ് വീണ്ടും ഉയർത്തും എന്ന ഒരു വാർത്ത പരന്നതോടെ സ്ഥാപനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വെറുതെയാകുമോ എന്ന് ആശങ്ക കൂടി വ്യാപാരികൾ പങ്കുവെക്കുന്നുണ്ട്. ഈ സർവീസ് റോഡിന്റെ കാര്യത്തിലെ അനിശ്ചിതത്വം കൊണ്ടാണ് ഹൈസ്കൂളിന് സമീപം നിർമ്മിച്ച അടിപ്പാത തുറന്നു കൊടുക്കാത്തത് എന്ന വിവരം കൂടി പുറത്തു വരുന്നുണ്ട്. മറ്റു പല സ്ഥലങ്ങളിലും ദേശീയപാത നിർമ്മാണത്തിന് ഇപ്പോൾ അല്പം വേഗത കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ കാര്യത്തിലും ഇത് സംബന്ധമായ ഒരു അവസാന തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
![](https://payyolionline.in/wp-content/uploads/2025/02/fth.jpg)
ഇക്കഴിഞ്ഞ മഴക്കാലത്ത് സർവീസ് റോഡും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയും വെള്ളത്തിൽ മുങ്ങിയനിലയിൽ