ആലപ്പുഴ: എസ്എസ്എൽസി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചതായി പരാതി. അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താൻ സൗത്ത് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർ നടപടിക്കായി കേസ് ആലപ്പുഴ വനിതാ പൊലീസിന് കൈമാറി. ആലപ്പുഴ സ്വദേശിനിയായ 15 കാരിക്കാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ പ്രണയസന്ദേശം അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
മർദനമേറ്റ പെൺകുട്ടി അന്നുതന്നെ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. നഗരത്തിലെ ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങവേ കൈപിടിച്ചുവലിച്ച് ക്ലാസ് മുറിയിലേക്ക് കയറ്റി സഹപാഠിയായ മറ്റൊരു പെൺകുട്ടി മുട്ടുകൈ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി.
അതേസമയം, പെൺകുട്ടി അടിച്ചപ്പോൾ തിരിച്ചടിച്ചുവെന്നാണ് സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പെൺകുട്ടികൾ രേഖാമൂലം നൽകിയ മറുപടിയെന്ന് സ്കൂൾ അധികൃതർക്ക് പറഞ്ഞു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ബുധനാഴ്ച പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വിളിച്ചുചേർത്ത യോഗവും ബഹളത്തിൽ കലാശിച്ചു. ഇതിനിടെ, അസ്വസ്ഥത അനുഭവപ്പെട്ട മറ്റൊരു പെൺകുട്ടിയെയും മർദനമേറ്റ പെൺകുട്ടിയെയും ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷയത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ പരാതി കേൾക്കാതെ സ്കൂൾ പിടിഎ പ്രസിഡന്റും പ്രിൻസിപ്പലും എഴുതി തയാറാക്കിയ കത്ത് യോഗത്തിൽ വായിച്ചത് മർദനത്തിനിരായ പെൺകുട്ടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു. ഇവർ ബഹളംവെച്ചതോടെ ഒത്തുതീർപ്പിനെത്തിയവരും പ്രതികരിച്ചു. ഇതിനിടെയാണ് ഒരുപെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
എസ്എസ്എൽസി പരീക്ഷയും കുട്ടികളുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് മാതാപിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പ് നീക്കവും നടക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം ചോദിച്ചറിഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി അന്വേഷിച്ച് തുടർനടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.