10-ാം ക്ലാസുകാരനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങി; പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയില്‍

news image
Aug 9, 2025, 6:12 am GMT+0000 payyolionline.in

പേരാമ്പ്ര: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിലായി. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുല്‍ എസ്.പി (34) ആണ് പിടിയിലായത്. പണം തട്ടിയ ശേഷം പ്രതി ഉത്തര്‍പ്രദേശിലും വാരണാസിയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

ഇതിനിടയില്‍ വാരണാസിയില്‍ നിന്ന് വന്ന ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വാരണാസിയിലുണ്ടെന്ന് പേരാമ്പ്ര പോലീസിന് സൂചന ലഭിച്ചിരുന്നു. വാരണാസിയിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഈ സമയം പ്രതി കേരളത്തിലേക്ക് കടന്നിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എം സുനില്‍ കുമാറും, ചന്ദ്രനും തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിയതില്‍ കുറ്റിച്ചാല്‍ എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ഭാഗവത സപ്താഹ ദിവസം താടിയും മുടിയും നീട്ടി പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ വന്ന് പോയതായി വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ അച്ഛന്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തി.

രാത്രി മണിക്കൂറുകളോളം പ്രതിയുടെ സാന്നിധ്യത്തിനായി പോലീസ് സംഘം കാത്തിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസ് സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ വലയിലായെന്ന് ബോധ്യപ്പെട്ട പ്രതി നെഞ്ചുവേദനയും മാനസിക അസ്വസ്ഥതയും അഭിനയിച്ച് പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ട ശേഷം പേരാമ്പ്ര സ്റ്റേഷനിലെത്തിച്ചു.

കോളേജ് അധ്യാപകരായ രക്ഷിതാക്കളുടെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയില്‍ നിന്ന് 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള കാലയളവില്‍ 9,19,139 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2023 ഫെബ്രുവരി 20-ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe