11 തവണ വകുപ്പ് തല നടപടി; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ട് ഡിജിപി

news image
Mar 10, 2023, 3:43 pm GMT+0000 payyolionline.in

കാസര്‍കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.  കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. പൊലീസ് ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി  ആര്‍. ശിവശങ്കരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന്  ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥനെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍റെ മറുപടി തൃപ്തികരമല്ലെന്നും വാദങ്ങള്‍ക്ക്  അടിസ്ഥാനമില്ലെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് ഉത്തരവിറക്കിയത്.

ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്താണ് ഡിജിപിയുടെ ഉത്തരവ്. ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും  തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക്  പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കര്‍ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനില്‍ ആയിട്ടുണ്ട്.

വിവിധ കേസുകളിലായി ഇയാള്‍ 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനക്കേസ്, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ശിവശങ്കര്‍ വകുപ്പുതല  നടപടികള്‍ നേരിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe