പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് പ്രേമയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്നാണ് പ്രേമയോട് ഇവര്‍ പറഞ്ഞത്. എന്നാൽ ഇത് ലഭിക്കണമെങ്കിൽ സര്‍വീസ് ചാര്‍ജായി 11 ലക്ഷം രൂപ അടക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന സ്വര്‍ണം ബാങ്കിൽ പണയം വെച്ച് 11 ലക്ഷം രൂപ എടുക്കുന്നു. പിന്നീട് സെപ്റ്റംബര്‍ 2 ന് മൂന്ന് അക്കൌണ്ടുകളിലേക്കായി 11 ലക്ഷം രൂപ ട്രാൻസ്ഫര്‍ ചെയ്തു. അതിന് ശേഷം സെപ്റ്റംബര്‍ 10 ന് ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ 5 ലക്ഷം കൂടി തന്നാലേ സമ്മാനത്തുക നൽകാൻ സാധിക്കൂ എന്ന് പറഞ്ഞു.
തുടര്‍ന്ന് സംശയം തോന്നിയ വീട്ടമ്മ അന്വേഷിച്ചപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലായത്. പിന്നീട് വീട്ടിൽ വിവരമറിയിച്ചു. സൈബര്‍ പൊലീസിൽ പരാതിയും നൽകി. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊൽക്കത്തയിലെ ബാങ്ക് അക്കൌണ്ടാണ് തട്ടിപ്പു സംഘം നൽകിയിരുന്നത്. സെപ്റ്റംബര്‍ 13 നാണ് വീട്ടമ്മ വീട് വിട്ടിറങ്ങുന്നത്. ഗുരുവായൂരിലേക്കാണ് പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തി വരികയാണ്.