ഗ്ലാസ്ഗോ: രാജ്യത്തെ കായിക കുതിപ്പിന് ആവേശം പകർന്ന് 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2030 ഗെയിംസിന്റെ വേദിയായി അഹമ്മദാബാദിനെ കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് കഴിഞ്ഞമാസം നിർദേശിച്ചിരുന്നു. ജനറൽ അസംബ്ലിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത്.
74 കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ തീരുമാനം അംഗീകരിച്ചു. ഗെയിംസിനുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇതെന്ന് കോമൺവെൽത്ത് സ്പോർട്സ് പ്രസിഡന്റ് ഡോ. ഡോണൾഡ് റുക്കാരെ പറഞ്ഞു. 1930ൽ കാനഡയിലെ ഹാമിൽട്ടനിലാണ് ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്. അതിന്റെ നൂറാം വാർഷികത്തിലാണ് ഇന്ത്യയിൽവച്ച് വീണ്ടും കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. 2010ലാണ് ഇന്ത്യ ഇതിനു മുൻപ് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശവാദത്തിന് ബലമേകുന്നതാണ് കോമൺവെൽത്ത് ഗെയിംസ് സംഘാടനം.
