27ാമ​ത് കേരള രാജ്യാന്തര ചലച്ചിത്ര മേള; സുവര്‍ണചകോരം സ്പാനിഷ് ചിത്രം ‘ഉതമ’യ്ക്ക്, ജനപ്രിയ ചിത്രം ‘നൻ പകൽ നേരത്ത് മയക്കം’

news image
Dec 16, 2022, 2:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: 27ാമ​ത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ‘ഉതമ’യ്ക്ക്. വരൾച്ച അഭിമുഖീകരിക്കുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്‌ളൂവിനാണ്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെർ എന്ന ചിത്രമാണ് മോഗ്ഗ്‌ളൂവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

നൻപകൽ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലത്തിനാണ്. ഫിറാസ് ഹൗരിയാണ് സംവിധായകൻ. റോമി മെയ്തെയ് സംവിധാനം ചെയ്ത അവർ ഹോം മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി. നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും അവർ ഹോമിനാണ്.

മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി.എസ്‌ സംവിധാനം ചെയ്ത മലയാള ചിത്രം 19 (1)(എ) നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ്‌ ചൗഹാൻ തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe