നെടുങ്കണ്ടത്ത് ദേവാലയത്തിൽ നിന്ന് പണവും ബാറ്ററികളും മോഷ്ടിച്ചു, ആറംഗ സംഘം പിടിക്കപ്പെട്ടത് കഞ്ചാവുമായി

news image
Dec 16, 2022, 3:24 pm GMT+0000 payyolionline.in

ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയത്തില്‍ മോഷണം നടത്തിയ ആറംഗ സംഘം പിടിയില്‍. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും, ഇന്‍വേര്‍ട്ടര്‍ ബാറ്ററികളുമാണ്, യുവാക്കള്‍ മോഷ്ടിച്ച് കടത്തിയത്. എന്നാൽ പ്രതികൾ അറസ്റ്റിലായ സമയത്ത് പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു.

നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍, കൃഷ്ണവിലാസം ദേവരാജ്, മാടത്താനിയില്‍ അഖില്‍, മന്നിക്കല്‍ ജമിന്‍, ചിറക്കുന്നേല്‍ അന്‍സില്‍, കുഴിപ്പില്‍ സുജിത് എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാരിഷ് ഹാളിലാണ് കുര്‍ബാന അര്‍പ്പിയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഹാളിന്റെ ജനാലയിലൂടെ സംഘം അകത്ത് കടക്കുകയായിരുന്നു. കാണിക്ക വഞ്ചി കുത്തി തുറന്ന് പണവും ഇന്‍വര്‍ട്ടര്‍ ബാറ്ററിയും അപഹരിച്ചു. തിങ്കളാഴ്ച കുര്‍ബാനയ്ക്കായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാകുന്നത്.

മോഷണം ശ്രദ്ധയില്‍ പെട്ടതോടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ യുവാക്കള്‍ പള്ളിയില്‍ അതിക്രമിച്ച് കയറുകയും മറ്റൊരു ബാറ്ററി അപഹരിക്കുകയും ചെയ്തതായി കണ്ടെത്തി. അറസ്റ്റിലായ സമയത്ത്, പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെത്തി. ഏതാനും നാളുകള്‍ക്കിടെ മേഖലയില്‍ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഈ സംഭവങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe