99 രൂപയ്ക്ക് മദ്യം, ലക്ഷ്യം വ്യാജമദ്യം തടയൽ; പുതിയ മദ്യനയവുമായി ആന്ധ്ര സർക്കാർ, പ്രതീക്ഷ 5500 കോടി വരുമാനം

news image
Oct 2, 2024, 4:04 am GMT+0000 payyolionline.in

അമരാവതി: ആന്ധ്ര പ്രദേശിൽ പുതിയ മദ്യ നയം പ്രഖ്യാപിച്ചു. വ്യാജ മദ്യം തടയാൻ 99 രൂപ അടിസ്ഥാന വിലയ്ക്ക് മദ്യം ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. 3736 റീടെയിൽ ഔട്‍ലെറ്റുകൾ സർക്കാർ സ്വകാര്യ മേഖലയിലേക്ക് മാറ്റും. 5500 കോടി രൂപയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒക്ടോബർ 12 മുതൽ പുതിയ മദ്യ നയം നിലവിൽ വരും.

മദ്യ വില താങ്ങാനാകാതെ ജനങ്ങൾ വ്യാജ മദ്യം തേടിപ്പോയി ദുരന്തമുണ്ടാകാതിരിക്കാനാണ് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായുള്ള വരുമാനത്തിലെ ഇടിവും നികത്താൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. അടുത്ത രണ്ട് വർഷത്തേക്കുള്ള മദ്യനയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാർ സ്വകാര്യ ഡീലർമാരിൽ നിന്ന് മദ്യവിൽപ്പന ഏറ്റെടുത്തിരുന്നു. എപി സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. ഈ നയം സെപ്റ്റംബർ 30 ന് അവസാനിച്ചു. പിന്നാലെയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്. വൈൻ ഷോപ്പുകൾ തുടങ്ങാനും സർക്കാർ സ്വകാര്യ മേഖലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത ഡീലർമാർ  50 ലക്ഷം രൂപ മുതൽ 85 ലക്ഷം രൂപ വരെ എക്സൈസ് നികുതി അടയ്ക്കണം. രണ്ട് വർഷത്തിനിടെ 12 തവണയായി അടയ്ക്കാം. 12 പ്രീമിയം ഷോപ്പുകൾക്ക് ഒരു കോടി രൂപ ലൈസൻസ് ഫീസോടെ അഞ്ച് വർഷത്തെ കാലാവധിയുള്ള ലൈസൻസും സർക്കാർ അനുവദിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe