കോഴിക്കോട്: സ്കൂട്ടര്‍ യാത്രികനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചിരുന്നത് പതിനാല് വയസ്സുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ബാലുശ്ശേരി കോക്കല്ലൂരിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. മുത്തപ്പന്‍തോടില്‍ വച്ച് സ്കൂട്ടര്‍ യാത്രികനായ കൊളത്തൂര്‍ സ്വദേശി പ്രകാശനെ തെറ്റായ ദിശയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
സ്കൂട്ടര്‍ യാത്രികന് താഴെ വീണിട്ടും ബൈക്ക് ഓടിച്ചയാള്‍ നിര്‍ത്താതെ പോയി. റെയിന്‍ കോട്ട് ധരിച്ചിരുന്നതിനാല്‍ ആരാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരനായ വിദ്യാർഥിയാണ് അപകടം വരുത്തിയതെന്ന് വ്യക്തമായത്. പിതാവ് അറിയാതെ വിദ്യാർഥി ബൈക്കെടുത്ത് പുറത്തിറങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരം. ബൈക്കിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ബൈക്ക് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍.