അഞ്ച് പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺമാസം, മഴ ശക്തമായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വരൾച്ച

news image
Jul 1, 2023, 9:34 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 ജൂണിൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴക്കുറവ്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഇക്കൊല്ലത്തെ ജൂണിൽ പെയ്തത്. കാലവർഷത്ത് ലഭിക്കുന്ന മഴയുടെ 20 ശതമാവും ജൂണിലായിരിക്കെ ഇത്തവണത്തെ മഴക്കുറവ് ആശങ്കയുണ്ടാക്കുന്നതാണ്. 1900 മുതൽ 2023 വരെയുള്ള 123 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ മഴലഭിക്കുന്ന മൂന്നാമത്തെ ജൂൺമാസമാണ് കടന്നുപോയത്. ഈ ജൂണിൽ 60 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞമഴയാണ് ലഭിച്ചത്. ഇതിന് മുമ്പ് 1962, 1976 വർഷങ്ങളിലെ ജൂൺ മാസങ്ങളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

1962ൽ 244.9 മില്ലി മീറ്റരും 1976ൽ 199.4 മില്ലി മീറ്ററുമാണ് ലഭിച്ചത്. ശരാശരി 648 മില്ലി മീറ്റർ മഴയാണ് ജൂണിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാൽ, ഈ വർഷം 240.99 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിൽ പെയ്യുന്ന മഴയിലാണ് ഇനി പ്രതീക്ഷ. ജൂലൈയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂലൈയിലും മഴ കുറഞ്ഞാൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകും. ജലദൗർലഭ്യത്തോടൊപ്പം വൈദ്യുതോൽപാദനവും പ്രതിസന്ധിയിലാകും. ജലസേ‌ചന വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും കീഴിലുള്ള ഡാമുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്.

ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിലെ മഴയെ ആശങ്കയോടെയാണ് കഴിഞ്ഞ വർ‌ഷങ്ങളിൽ നിരീക്ഷിച്ചത്. പ്രളയമുണ്ടായ 2018, 2019 വർഷങ്ങളിൽ ഈ മാസങ്ങളിൽ അസാധാരണ നിലയിൽ മഴ ലഭിച്ചിരുന്നു. ഈ വർഷത്തെ ജൂൺ മാസത്തെ മഴക്കുറവിന് ബിപർ‌ജോയ് ചുഴലിക്കാറ്റ് കാരണമായെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. കാലവർഷക്കാറ്റിന്റെ ശക്തിക്കുറവും മഴക്കുറവിന് കാരണമായി. അതേസമയം, പതിവിന് വിപരീതമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരത്തെ കാലവർഷമെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe