പയ്യോളി: ദേശീയപാത 66-ൽ പയ്യോളി നോർത്ത് (അയനിക്കാട് പള്ളി–അയ്യപ്പ ക്ഷേത്ര) ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധമിരമ്പി.


അയനിക്കാട് പള്ളി–അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് പയ്യോളി ടൗണിലെത്തി, തുടർന്ന് തിരികെ സമരകേന്ദ്രമായ അയനിക്കാട് പള്ളി പരിസരത്ത് സമാപിച്ചു.
അടിപ്പാത ഇല്ലാത്തതിനാൽ പ്രദേശവാസികൾ, പ്രത്യേകിച്ച് സ്കൂൾ കുട്ടികളും വയോധികരും, നേരിടുന്ന ഗുരുതരമായ യാത്രാ ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും മാർച്ചിലൂടെ ശക്തമായി ഉയർത്തിക്കാട്ടി.
നൈറ്റ് മാർച്ചിന് സമര സമിതി നേതാക്കളായ ശശി തരിപ്പയിൽ, അബ്ദുൽ ഹക്കീം കെ.പി., മനോജ് തരിപ്പയിൽ, ജയദേവൻ എം.പി., എൻ.സി. മുസ്തഫ, കെ.വി. നിഷാൽ, എം.പി. നാരായണൻ, സുധി കുടയിൽ, മഠത്തിൽ അബ്ദുറഹിമാൻ, അഡ്വ. പി. കുൽസു, എം.പി. ബാബു, ഷാഹിദ പുറത്തൂട്ട്, ഷമീർ കെ.എം. എന്നിവർ നേതൃത്വം നൽകി.
ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് അടിപ്പാത അനുവദിക്കുന്നതുവരെ സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു.
