അഭിമന്യു കൊലക്കേസ്: പ്രതികളുടെ രഹസ്യ വിചാരണ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ; വിധി ഈ മാസം 22-ന്

news image
Sep 16, 2026, 11:13 am GMT+0000 payyolionline.in

കൊച്ചി :എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ. പ്രതികളുടെ ഹർജി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യക്തമാക്കി. ഹർജിയുമായി ബന്ധപ്പെട്ട വിധി ഈ മാസം 22ന് കോടതി പുറപ്പെടുവിക്കും. കേസിലെ ആദ്യഘട്ട വിചാരണ നേരിടുന്ന പ്രതികളിൽ 12 പേരാണ് കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും അടക്കം കോടതിമുറിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്.

അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ രഹസ്യ വിചാരണ അനുവദിക്കാറുള്ളൂ എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. രഹസ്യ വിചാരണ അനുവദിക്കേണ്ട അസാധാരണ സാഹചര്യം ഈ കേസിലില്ല. സാക്ഷികൾ കോളജ് വിദ്യാർഥികളാണെന്നും അതിനാൽ സംഘർഷ സാധ്യതയുണ്ടെന്നുമുള്ള പ്രതികളുടെ വാദം തെറ്റാണെന്നും ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

രഹസ്യ വിചാരണ നടത്തിയില്ലെങ്കിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിയുമെന്ന പ്രതിഭാഗത്തിന്റെ വാദവും പ്രോസിക്യൂഷൻ തള്ളി. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ മുന്നിൽ നടന്ന ഫോട്ടോ ഐഡന്റിഫിക്കേഷൻ പരേഡിലൂടെയും പൊലീസിന് മുന്നിലും സാക്ഷികൾ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. കൂടാതെ, കുറ്റം ചുമത്തുന്ന ദിവസം പ്രതികൾ മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായതെന്നും അതിനെ എതിർത്തിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾ സൂചിപ്പിച്ച സുപ്രീം കോടതി വിധികൾ ഈ കേസിന് ബാധകമല്ല. പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന വിചാരണയാണ് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതെന്ന സുപ്രീം കോടതി നിരീക്ഷണവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണം തെറ്റാണ്. ഭീകര വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥനായ അദ്ദേഹം അന്ന് ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നു. പ്രതികൾ തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് അന്നു തന്നെ മേലധികാരികൾക്ക് അദ്ദേഹം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് വിചാരണ നടപടികളിൽ പങ്കാളികളാകാനുള്ള ന്യായമായ അവകാശത്തെ തടയാനാകില്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതികളുടെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഈ ഹർജിയിൽ 22ന് വിധി പറയാമെന്ന് കോടതി വ്യക്തമാക്കിയത്.

കേസിലെ വിചാരണ ഒക്ടോബർ 15ന് ആരംഭിക്കും. 17 ദിവസമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരം നടക്കേണ്ടത്. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതിനിടെയാണ്, മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും പ്രതികളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നും ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചത്. 2018 ജൂലൈ രണ്ടിനാണ് ഇടുക്കി വട്ടവട സ്വദേശിയും മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും ക്യാംപസിലെ എസ്എഫ്ഐ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പ്രവേശനോത്സവത്തിന് തലേന്ന് ക്യാംപസിനുള്ളിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe