കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ സമയത്ത് പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. മാധ്യമപ്രവർത്തകർ ഉള്ളതിനാൽ കോടതിയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വഴി വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ വരുന്ന വ്യാഴാഴ്ച തന്നെ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
എട്ട് വർഷത്തിനിടെ പ്രതികൾ രണ്ടുതവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്തതിനെ തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ വെച്ച് എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.
