നന്തി ബസാർ: തീരദേശത്തെ അക്ഷരവെളിച്ചത്തിന് നൂറിന്റെ നിറവ്. വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ മുന്നോടിയായി വമ്പിച്ച വിളംബര ജാഥയും സംഘടിപ്പിച്ചു.
തീരദേശ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളെ വിദ്യാഭ്യാസപരമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ശറഫുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കായിക മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയത്തിന് ആധുനികമായ കെട്ടിടങ്ങളും സ്ഥലസൗകര്യവുമുണ്ട്.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനാധ്യാപകൻ പി. ഹാഷിം മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. ഡെപ്യൂട്ടി കളക്ടർ സുബൈർ കെ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഖില എം.പി, ഒ.കെ. ഫൈസൽ, പ്രശസ്ത സാഹിത്യകാരനും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. സോമൻ കടലൂർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.
