തൊട്ടിൽപ്പാലം: മലയോര ജനതയുടെ പ്രധാന യാത്രാശ്രയമായ തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പതിനഞ്ച് വർഷം പിന്നിട്ടിട്ടും യാതൊരുവിധ വികസനവുമില്ലാതെ പൂർണ്ണമായും അവഗണനയിൽ. കാവിലുംപാറ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് അന്നത്തെ ഗതാഗത മന്ത്രി ജോസ് തെറ്റയിൽ തുടക്കം കുറിച്ച ഡിപ്പോയിൽ, ഇത്രയും കാലമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ കാടുമൂടിക്കിടക്കുന്ന സ്ഥലത്താണ് ഡിപ്പോയുടെ ഗാരേജ് പ്രവർത്തിക്കുന്നത്. ബസുകളുടെ അറ്റകുറ്റപ്പണിക്കായി ആധുനിക ലിഫ്റ്റ് സംവിധാനമില്ലാത്തതിനാൽ പഴയ റാമ്പാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. എന്നാൽ മഴക്കാലമായാൽ ഈ റാമ്പ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങുമെന്നു മാത്രമല്ല, ഇതിനടിയിൽ പാമ്പുകൾ ഉൾപ്പെടെയുള്ള മാരക ജീവികൾ തമ്പടിക്കുന്നത് ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നുണ്ട്.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഡിപ്പോയിൽ രാത്രികാലങ്ങളിൽ കറന്റ് പോയാൽ പകരം ഉപയോഗിക്കാൻ ഒരു ജനറേറ്റർ പോലുമില്ല. കനത്ത മഴയത്ത് വൈദ്യുതി മുടങ്ങിയാൽ ബസിന്റെ ഹെഡ്ലൈറ്റ് വെട്ടത്തിലാണ് തൊഴിലാളികൾ പലപ്പോഴും അറ്റകുറ്റപ്പണികൾ തീർക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിൽ രണ്ട് പെയിന്റിംഗ് തൊഴിലാളികൾ വേണ്ട സ്ഥാനത്ത് ഒരാൾ മാത്രമാണുള്ളത്. ഫിറ്റ്നസ് പരിശോധനകളുടെ സമയത്ത് താല്ക്കാലിക ജീവനക്കാരെ വെച്ചാണ് പണികൾ തീർക്കുന്നത്. കെ.എസ്.ആർ.ടി.സി. അടുത്തിടെ പെയിന്റിംഗ് ജോലികൾ സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും രാത്രിയിലെ വെളിച്ചക്കുറവും യാത്രാക്കാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുടെ കുറവും ഡിപ്പോയിൽ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്.
ഡിപ്പോയ്ക്ക് ചുറ്റുമതിലില്ലാത്തത് ജീവനക്കാരെ മാത്രമല്ല സമീപവാസികളെയും കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ബസുകൾ കഴുകുന്ന മലിനജലം മതിൽ ഇല്ലാത്തതിനാൽ തൊട്ടടുത്ത വീടുകളുടെ മുറ്റത്തേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ, യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ നിർത്തിയിടുന്ന ബസുകൾ എന്തെങ്കിലും കാരണവശാൽ ഉരുണ്ടു നീങ്ങിയാൽ അത് നേരെ സമീപത്തെ വീടുകളിലേക്ക് ഇടിച്ചുകയറാൻ സാധ്യതയേറെയാണ്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കൃത്യമായ ശൗചാലയ സൗകര്യം പോലും ഡിപ്പോയിലില്ല.
മറ്റു ഡിപ്പോകളിൽ നിന്നും ഒഴിവാക്കുന്ന പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള കോൺഡം ബസുകളാണ് തൊട്ടിൽപ്പാലത്തേക്ക് അധികൃതർ നൽകുന്നത്. കാലപ്പഴക്കം ചെന്ന ഈ വണ്ടികൾ മലയോര മേഖലയിലെ ചുരം കയറാൻ അനുയോജ്യമല്ലാത്തതിനാൽ വഴിയിൽ ബ്രേക്ക്ഡൗൺ ആകുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. വയനാട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുടെ ഏക ആശ്രയമായ തൊട്ടിൽപ്പാലം ഡിപ്പോയിലെ ബസുകൾ ഭൂരിഭാഗം ദിവസങ്ങളിലും വഴിയിൽ കിടക്കുന്നത് മലയോര ജനതയുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്നു.
