കൊയിലാണ്ടി: “കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു ” എന്നാണ് പഴമൊഴി. പഴമക്കാരുടെ മനസ്സിൽ കർക്കിടക മാസം വറുതിയുടെയും കഷ്ടതകളുടെയും ഓർമ്മക്കാലമാണ്. ഓരോ വീടുകളിലും പട്ടിണി തൊല പൊക്കുന്ന മാസം. കർക്കിടകത്തിൻ്റെ കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടാൻ കേരളീയ വിശ്വാസി സമൂഹം ആചരിച്ചു വരുന്ന പരമ്പരാഗതമായ ആചാരമാണ് കലിയന് കൊടുക്കൽ. മിഥുനമാസത്തിലെ അവസാന ദിവസമാണ് കലിയൻ ദിനം.
ജനങ്ങളുടെ ഐശ്വര്യങ്ങൾക്കാവശ്യമായ എല്ലാം കലി നൽകുമെന്നാണ് വിശ്വാസം. കലിയന് കൊടുക്കുന്ന ചടങ്ങിന് കൗതുകകരമായ ചില മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂട് പണിയും. അതില്‍ ഏണി, കോണി എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്ളാവിലകൊണ്ട് കമനീയമായ രീതിയിൽ വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും.മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാം വച്ച ശേഷം ഇലയില്‍ ചോറും വിഭവങ്ങളും വിളമ്പിവെക്കും. സന്ധ്യ മയങ്ങിയാല്‍ വീട്ടിലെ മുതിർന്ന ആൾ ഓല ചൂട്ടുകത്തിച്ച് ഇറങ്ങും.പിന്നാലെയുള്ള ആളിൻ്റെ കൈയ്യിൽ വെള്ളം നിറച്ച പാൽക്കിണ്ടിയുണ്ടാവും.
മറ്റൊരാള്‍ മുറം കൈയിലേന്തും. ബാക്കിയുള്ളവർ തൊട്ട് പുറകെ നടക്കും. പ്രായഭേദമന്യെ തറവാട്ടിലെ അംഗങ്ങള്‍ എല്ലാവരും മൂന്ന് തവണ വീട് വലം വെയ്ക്കും. കലിയാ കലിയാ.. കൂ കൂ…ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ വിളിച്ച് കൂവി വീട് പ്രദക്ഷിണം ചെയ്ത ശേഷം കൈയ്യിലുള്ള്ളവ എല്ലാം ഒരു പ്ളാവിന്‍റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്ളാവില്‍ ചരൽമണ്ണ് വാരി എറിയും. അടുത്ത വർഷം പ്ളാവ് നിറച്ചും ഫലം തരുമെന്നാണ് ഈ ചടങ്ങിന് പിന്നിലെ വിശ്വാസം. പിന്നെ വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും.
വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! ഒടുവിൽ എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കും. പൂക്കാട് കുനിക്കണ്ടി മുക്കിൽ നാട്ടുകാർ നടത്തിയ കലിയൻ ദിനാഘോഷം ശ്രദ്ധേയമായി.ചെണ്ടമേളം, കലിയൻ വേഷധാരിയും, ആർപ്പുവിളിയുമായി കലിയൻ ദിനം ആഘോഷിച്ചത്.