ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; വാൽപ്പാറ ദുരന്തത്തിൽ രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു

news image
Apr 22, 2026, 7:04 am GMT+0000 payyolionline.in

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ, അപകടത്തിൽ തന്റെ ഉമ്മ ഷക്കീല മരിച്ച വിവരം ഈ ബാലിക ഇതുവരെ അറിഞ്ഞിട്ടില്ല.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മടക്കയാത്രയ്ക്കിടെ ചുരത്തിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം ഒൻപതാം വളവിലേക്കാണ് പതിച്ചത്. ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാനിലുണ്ടായിരുന്നത്. അപകടസ്ഥലത്തും ചികിത്സയ്ക്കിടെയുമായി ഇതുവരെ 11 പേർ മരണപ്പെട്ടു.

ചികിത്സാ പിഴവ് ആരോപണം
അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെ അന്തരിച്ചു. നൗഷാദ് അലിയുടെ നില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe