ഒടുവിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തിയ ജില്ല പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ കേസ്

news image
Apr 17, 2025, 8:36 am GMT+0000 payyolionline.in

പാലക്കാട്: എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ കൊലവിളി പ്രസംഗം നടത്തിയിട്ടും ചർച്ചയിലൂ​ടെ പരിഹരിക്കാൻ ശ്രമിച്ച പാലക്കാട് പൊലീസ് ഒടുവിൽ കടുത്ത വിമർശനം നേരിട്ടതോടെ നിയമവഴിയിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ പാലക്കാട്ടെ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

വിഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് കോൺഗ്രസ് വിട്ടു നിന്നു. യോഗത്തിൽ ബി.ജെ.പി -സി.പി.എം പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളിലേക്കുള്ള പ്രകടനങ്ങൾ ഒഴിവാക്കാൻ യോഗത്തിൽ തീരുമാനമായി.

പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കമാണ് പാലക്കാട് കോൺഗ്രസ്-ബി​.ജെ.പി വാക്പോരിലേക്കും കൊലവിളി​യി​ലേക്കും എത്തിച്ചത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ ഭീഷണി മുഴക്കിയിരുന്നു. ഭിന്നശേഷി വിദ്യാർഥികളോട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടനും ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe