കാസർകോട്: ദേശീയ പാതയിലൂടെ പോകുമ്പോൾ അറിയിപ്പ് ബോർഡുകളെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. കൂടുതല്‍ ഇടങ്ങളില്‍ അറിയിപ്പ് ബോർഡുകളിൽ മൂന്ന് ഭാഷകളിൽ ഒരുക്കാനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇനി ഹിന്ദിയിലും സൂചിക ഉണ്ടാകും.
മിക്ക സ്ഥലങ്ങളിലും കൃത്യമായ അറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് യാത്രക്കാരെ അലട്ടുന്നുണ്ട്. ഇനി കൂടുതല്‍ സ്ഥലങ്ങളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അടക്കം ഉപകാരപ്രദമാകും. ഗൂഗിള്‍ മാപ്പ് ചതിക്കുമെന്ന ഭയവും വേണ്ട. ദേശീയപാതയിലെ മിക്കയിടങ്ങളിലും ഇത്തരത്തില്‍ മൂന്ന് ഭാഷകളിലായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
കാസര്‍കോട്ടിലെ ആദ്യ റീച്ച് അന്തിമ ഘട്ടത്തില്‍
അതേസമയം, കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും കാസർകോട് ചെങ്കള വരെയുള്ള ആദ്യ റീച്ച് അന്തിമ ഘട്ടത്തിലാണ്. മെയ് മാസം പൂർത്തിയാക്കുമെന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ അറിയിച്ചു. 39 കിലോമീറ്ററാണ് തലപ്പാടി – ചെങ്കള പാത. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഇതിന്റെ 93% പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.
മിനുക്ക് പണികളും ബോർഡ് സ്ഥാപിക്കലും ആണ് ഇനി ബാക്കിയുള്ളത്. ഇതിനൊപ്പം മൂന്ന് റീച്ചുകൾ കൂടി മെയ് മാസം പൂർത്തിയാക്കും. വെങ്ങളം – രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കി.മി) -കെഎംസി കൺസ്ട്രക്ഷൻസ്, രാമനാട്ടുകര – വളാഞ്ചേരി (39.68 കിമി)-കെഎൻആർ കൺസ്ട്രക്ഷൻ, വളാഞ്ചേരി – കാപ്പിരിക്കാട് (37.35 കിമി) – കെഎൻആർ കൺസ്ട്രക്ഷൻ എന്നീ റീച്ചുകൾ ആണ് പൂർത്തിയാകുന്നത്.
എന്നാലിത് എന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 644 കിലോമിറ്ററിൽ ആകെ 22 റീച്ചുകളുണ്ട്. 27 മീറ്റർ ആറുവരിപ്പാത. ഇരുവശവും 6.75 മീറ്റർ വീതം രണ്ട് സർവീസ് റോഡ്. രണ്ടുമീറ്റർ വീതമുള്ള നടപ്പാത (യൂട്ടിലിറ്റി കോറിഡോർ വിത്ത് ഫുട്പാത്ത്), അതിനപ്പുറം ക്രാഷ് ഗാർഡ് എന്നിവയാണ് ഉണ്ടാകുക.