തിരുവനന്തപുരം: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നാണ് നിർദ്ദേശം. കുട്ടികളെ ഓട്ടോയിൽ സ്കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുതെന്നും നിർദ്ദേശമുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും എംവിഡി നിർദ്ദേശിച്ചു.
ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോൾ കുട്ടി പുറത്തേക്ക് തെറിച്ചുവീണ സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നിർദ്ദേശം. നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ വിടരുത്. വാഹനങ്ങളിൽ നിന്ന് കുട്ടികൾ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി പറഞ്ഞു.
സ്വകാര്യ സ്കൂൾ വാഹനങ്ങളിൽ കർശനമായ സർപ്രൈസ് പരിശോധനയ്ക്കും എംവിഡി ഒരുങ്ങുന്നുണ്ട്. സ്കൂൾ വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് മദ്യ-ലഹരി പരിശോധനകൾ നടത്തും. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത നടപടികൾ സ്വീകരിക്കും.
