ഓവുചാലില്ലാതെ കക്കട്ടിൽ സംസ്ഥാനപാത: മഴക്കാലത്ത് ദുരിതയാത്ര ഉറപ്പ്

news image
May 7, 2026, 3:56 am GMT+0000 payyolionline.in

കക്കട്ടിൽ: മഴക്കാലം എത്തുന്നതോടെ കുറ്റ്യാടി – നാദാപുരം സംസ്ഥാനപാതയിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുമെന്ന് ആശങ്ക. കക്കട്ടിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺ വരെയുള്ള ഭാഗത്ത് ശാസ്ത്രീയമായ ഓവുചാലുകൾ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പ്രദേശം വെള്ളക്കെട്ടിലായി. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

 

​റോഡിലെ വെള്ളം സമീപത്തെ വീടുകളിലേക്കും കടകളിലേക്കും ഇരച്ചുകയറുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും വലയ്ക്കുന്നു. കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ പോലും വെള്ളക്കെട്ട് കാരണം കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വീതി കുറഞ്ഞ റോഡിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നത് വലിയ അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പേരിന് നടന്നുവെങ്കിലും ഓവുചാലുകൾ ഇല്ലാത്തതിനാൽ ഇതൊന്നും ഫലപ്രദമാകുന്നില്ല.

 

​പലതവണ അധികൃതരെ പരാതി അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൃത്യമായ ഓവുചാലുകൾ നിർമ്മിക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് പന്ത്രണ്ടാം വാർഡ് വികസന സമിതി അംഗം നാസറുദ്ദീൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി അധികൃതർക്ക് അടിയന്തരമായി നിവേദനം നൽകാനാണ് വികസന സമിതിയുടെ തീരുമാനം. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മഴ കനക്കുന്നതോടെ ഈ മേഖലയിലെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടേക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe