കടലൂരിലെ 130 അങ്കണവാടി കുരുന്നുകൾക്ക് ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലിയുടെ സ്നേഹസമ്മാനം

news image
May 30, 2026, 8:27 am GMT+0000 payyolionline.in

നന്തിബസാർ: പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കടലൂർ മേഖലയിൽ വേറിട്ട മാതൃകയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദലി. കടലൂരിലെ ആറ് വാർഡുകളിലായുള്ള പത്ത് അങ്കണവാടികളിൽ പുതുതായി പ്രവേശനം നേടിയ 130 കുരുന്നുകൾക്കാണ് ബ്ലോക്ക് മെമ്പറുടെ വകയായി പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനം വിതരണം ചെയ്തത്.

കുട്ടികളുടെ മാനസിക വളർച്ചയ്ക്കും പഠനത്തിനും ആവശ്യമായ സാമഗ്രികൾ ഉൾപ്പെടുത്തിയുള്ള കിറ്റാണ് വിതരണം ചെയ്തത്. ജനപ്രതിനിധിയുടെ ഈ ശ്രദ്ധേയമായ ജനകീയ ഇടപെടലിനെ അങ്കണവാടി അധ്യാപകരും രക്ഷിതാക്കളും വെൽഫെയർ കമ്മിറ്റികളും അഭിനന്ദിച്ചു.

തീരദേശ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി പ്രത്യേക പദ്ധതികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി അറിയിച്ചു. ഇതിന്റെ തുടർച്ചയായി, സ്കൂൾ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് മേഖലയിലെ വിദ്യാലയങ്ങളിൽ പുതുതായി ഒന്നാം ക്ലാസിലേക്ക് എത്തുന്ന നൂറോളം നവാഗതർക്കും പഠനോപകരണങ്ങൾ അടങ്ങിയ പ്രത്യേക സമ്മാന കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ അങ്കണവാടികളിൽ നടന്ന പഠനോപകരണ വിതരണ ചടങ്ങുകൾക്ക് വാർഡ് മെമ്പർമാരായ കെ.പി. കരീം, അനസ് ആയടത്തിൽ, സവിത രാമൻവീട്ടിൽ, സജിന പിരിശത്തിൽ, റൗസി ബഷീർ, മിനി തെക്കേവീട്ടിൽ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe