കണ്ണൂർ: വെള്ളോറ യുപി സ്കൂളിന് സമീപം റബർത്തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ (37)യാണ് മരിച്ചത്. ഞായർ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സ്വയം വെടിയേറ്റതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിജോയുടെ കൂടെയുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ ഫിലിപ്പ് (41) പെരിങ്ങോം പൊലീസിന്റെ കസ്റ്റഡിയിലാണ്.
സ്ഥിരമായി ഇരുവരും നായാട്ടിനുപോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഷൈനിന്റെ തോട്ടത്തിൽ പുലർച്ചെ നായാട്ടിനുപോയി രണ്ടിടത്തായി നിൽക്കുകയായിരുന്നു. സിജോയാണ് തോക്ക് കൈവശംവച്ചത്. വെടിപൊട്ടുന്ന ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ, സിജോ വെടിയേറ്റ് കിടക്കുന്നതായി കണ്ടെന്നാണ് ഷൈനിന്റെ മൊഴി. ലൈസൻസില്ലാത്ത തോക്ക് കസ്റ്റഡിയിൽവച്ചതിന് ഷൈന്‍ ഫിലിപ്പിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ, പയ്യന്നൂർ ഡിവൈഎസ്പി പി കെ വിനോദ്കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷൻ ഓഫീസർ മഹേഷ് കണ്ടന്പേത്തിനാണ് അന്വേഷണച്ചുമതല.
