കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

news image
Jul 27, 2023, 10:27 am GMT+0000 payyolionline.in

മലപ്പുറം > അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേലാറ്റൂർ സ്വദേശി സഫുവാൻ (26) ആണ് 835 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.സ്വർണം നേർത്ത പൊടിയാക്കിയ ശേഷം 3 കാപ്സ്യൂളുകളിലായി പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 50 ലക്ഷം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.27 രാവിലെ 8.30ന് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ്സ് (IX 718) വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.00 മണിക്ക് വിമാത്താവളത്തിന് പുറത്തിറങ്ങിയ സഫുവാനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ല. ശേഷം സഫുവാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറിനകത്ത് 3 കാപ്സ്യൂളുകൾ കാണപ്പെട്ടത്. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 28-ാമത്തെ കേസാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe