വടകര : കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രമകൃഷ്ണനെ പ്രതി ചേർക്കും. റിബേഷ് രാമകൃഷ്ണനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. റിബേഷ് രാമകൃഷ്ണനെ കേസിൽ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം മൂന്നാകും. ഡിവൈഎഫ്ഐ നേതാക്കളായ ജിതിൻ ഭാസ്കർ, അമൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണനെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രതിചേർക്കാനുള്ള സാധ്യത മുന്നിൽകണ്ട് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് റിബേഷ് ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്കർ കാഫിർ സ്ക്രീൻഷോട്ട് ആദ്യം അയച്ചത് റിബേഷിനാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നാലെ റിബേഷ് ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇന്ന് തന്നെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. പിന്നാലെ റിബേഷ് രാമകൃഷ്ണനെ നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് തീരുമാനം. അതിന് ശേഷമാകും അറസ്റ്റ് നടപടിയിലേക്ക് കടക്കുക. എന്നാൽ മുൻകൂർ ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ അറസ്റ്റ് നടന്നാലും റിബേഷിനെ വിട്ടയക്കാനാണ് സാധ്യത. എന്നാൽ ജാമ്യ ഉപാധികൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. മൂന്നാമതൊരു ഡിവൈഎഫ്ഐ നേതാവ് കൂടി കേസിൽ പ്രതിയാകുന്നത് സിപിഐഎമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നതും പ്രധാനമാണ്. അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് കൂടുതൽപ്പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കമുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
