‘കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിച്ചു’;റിമാൻഡ് റിപ്പോർട്ട് പുറത്ത്

news image
Jun 18, 2026, 3:52 am GMT+0000 payyolionline.in

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് റിമാൻഡ് റിപ്പോർട്ട്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ഫോറൻസിക്ക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടർ ചാനലിന് ലഭിച്ചു.

ഡേറ്റ തിരിച്ചെടുക്കാൻ ജില്ലാ ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചപ്പോൾ ഫോണിൽ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് സംസ്ഥാന ഫോറൻസിക് വിഭാഗത്തിന് ഫോൺ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണിലാണ് സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ജിതിൻ ഭാസ്‌കറിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് റിപ്പോർട്ടറിനോട് പറഞ്ഞു. വടകര എം പി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി. ജിതിൻ ഭാസ്‌കറിന് ഡിവൈഎഫ്ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീൻഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അറസ്റ്റിന് പിന്നിൽ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിർദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്ഐക്ക് മറുപടി നൽകി.

അതേസമയം വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും ജിതിൻ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe