പയ്യോളി: കീഴൂർ വാതിൽ കാപ്പവർ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഡിസംബർ 10 ന് കൊടിയേറുന്നതോടെ ആരംഭിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം കാലത്ത് വിശേഷാൽ പൂജകൾ ബ്രഹ്മകലശാഭിഷേകം ചതുശത നിവേദ്യത്തോടെ ഉച്ചപൂജ, വൈകിട്ട് അഞ്ചിന് ചാമ്പാട്ടിൽ ദേശാവകാശിയുടെ ആറാട്ടുകുടവരവ് എന്നിവക്ക് ശേഷം രാത്രി 7 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റു കർമ്മം നിർവഹിക്കുന്നതോടെ ആറുനാൾ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കമാവും.
അന്ന് രാത്രി 7:30 നു ക്ഷേത്രം മഹിളാ ക്ഷേമ സമിതി ഒരുക്കുന്ന മെഗാ തിരുവാതിര നടക്കും. 7:45ന് ക്ഷേത്രം വെബ്സൈറ്റിന്റെ ഉദ്ഘാടന കർമ്മം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും. തുടർന്ന് കൗശിക് ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.
രണ്ടാംദിവസം കാലത്ത് 7:30ന് കാളയെ ചന്തയിൽ കടത്തി കെട്ടൽ ചടങ്ങ് നടക്കും. 10:30 ന് ചാക്യാർകൂത്ത്, തുടർന്ന് വിശേഷാൽ വലിയ വട്ടളം പായസ നിവേദ്യത്തോടെ ഉച്ചപൂജ, ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദഊട്ട്, രാത്രി എട്ടിന് മിഠായിത്തെരുവ് എന്ന നാടകം, പത്തിന് സരുൺ മാധവ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്.
12 നു ചെറിയ വിളക്ക് ദിവസം കാലത്ത് 10 30 ന് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 4 മണിക്ക് കാഴ്ച ശീവേലി. 7.30ന് ബാൻഡ് ഷോ, പത്തിന് കലാമണ്ഡലം ഹരിഗോവിന്ദ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഡിസംബർ 13 വലിയ വിളക്ക് ദിവസം കാലത്ത് 10:30 ന് അനൂപ് ചാക്യാർ അവതരിപ്പിക്കുന്ന പാഠകം, ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 4 മണിക്ക് കാഴ്ച ശീവേലി, 6:30 ന് ഇരിങ്ങാലക്കുട ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാന സംഗീതാർച്ചന, രാത്രി ഏഴുമണിക്ക് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, രാത്രി 10 ന് സദനം സുരേഷ് കുമാർ കലാമണ്ഡലം, സനൂപ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക എന്നിവ ഉണ്ടായിരിക്കും.
ഡിസംബർ 14 പള്ളിവേട്ട ദിവസം രാവിലെ 10:30 ന് അക്ഷര ശ്ലോക സദസ്സ്, ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദഊട്ട്, വൈകിട്ട് നാലുമണിക്ക് പള്ളിമഞ്ചൽ വരവ്, തിരുവായുധം വരവ്, നിലക്കളി വരവ്, 4 30ന് കാഴ്ച ശീവേലി, വൈകിട്ട് 6:30ന് ഡാൻസ് നൈറ്റ്, രാത്രിഎട്ടുമണിക്ക് പള്ളിവേട്ട തുടർന്നു വിളക്കിന്നെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.
ഡിസംബർ 15ന് ആറാട്ട് ദിവസം കാലത്ത് 9:30 നു മുച്ചുകുന്നു പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, വൈകിട്ട് 3:30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, നാദസ്വര മേളം ഉണ്ടായിരിക്കുന്നതാണ്. 4:30 മുതൽ കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, കാരക്കെട്ട് വരവ് എന്നിവ ക്ഷേത്രസന്നിധിയില് എത്തിച്ചേരും. രാത്രി 7 മണിക്ക് കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ തൃക്കുറ്റിശ്ശേരി ശിവശങ്കരൻമാരാരുടെ നേതൃത്വത്തിൽ അമ്പതിൽപരം വാദ്യകലാകാരന്മാരുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി 8:30 ന് എഴുന്നെള്ളത്ത് ഇലഞ്ഞികുളങ്ങരയിൽ എത്തിയാൽ കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കലാമണ്ഡലം ശിവദാസന്മാരാർ എന്നിവരുടെ നേതൃത്വത്തിൽ പിലാത്തറമേളം അരങ്ങേറും, മേളത്തിനു മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. രാത്രി 11 മണിക്ക് എഴുന്നള്ളത്ത് കീഴൂർ പൂവടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം, പഞ്ചവാദ്യം, നാദസ്വരം, കേളിക്കൈ, കൊമ്പു പറ്റ്, കുഴൽപറ്റ് എന്നീ വാദ്യമേളങ്ങൾക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളത്തിൽ എത്തിച്ചേർന്ന് പൂർണ്ണ വാദ്യമേളസമേതം കുളിച്ചാറാടീക്കൽ നടക്കും.
ഉത്സവത്തോടനുബന്ധിച്ച് ആന എഴുന്നള്ളിക്കൽ കോടതിയുടെ മാനദണ്ഡപ്രകാരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസവും 5,000 പേർക്ക് പ്രസാദഊട്ട് നൽകുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും പയ്യോളി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘങ്ങളെ നിയോഗിക്കും. അഗ്നിശമനസേനയുടെയും ആംബുലൻസ് സർവീസിന്റെയും സേവനം 24 മണിക്കൂറും സജ്ജമായിരിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ആർ.രമേശൻ, അംഗങ്ങളായ കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ, കപ്പന വേണുഗോപാലൻ, കെ.ടി. രാമകൃഷ്ണൻ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പിടി രാഘവൻ, കെ വി കരുണാകരൻ നായർ, ജിതേഷ് പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.