മംഗളൂരു: പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ കർണാടകയിൽ നിന്നുള്ള ആറ് പേർ മരിച്ചു. ബാലചന്ദ്ര ഗൗഡർ, സുനിൽ ഷെഡഷാലെ, ബസവരാജ് കുർണി, ബസവരാജ് ദൊഡ്ഡമണി, ഈരണ്ണ ഷെബിനക്കട്ടി, വിരുപാക്ഷി ഗുമാട്ടി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുസ്താഖും സദാശിവയും സിഹോറ ടൗണിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജബൽപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജബൽപൂർ ജില്ലയിലെ ഖിതൗള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഹ്രേവ ഗ്രാമത്തിന് സമീപമാണ് അപകടം. ഗോകക്ക് സ്വദേശികളായ ഇവർ മഹാ കുംഭമേളയിൽ സ്നാനം നടത്താൻ പ്രയാഗ്രാജിലേക്ക് പോയിരുന്നു. കാറിൽ മടങ്ങിയ എട്ട് പേരിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അമിത വേഗത്തിൽ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിലും പിന്നീട് ഒരു മരത്തിലും ഇടിച്ച് എതിർദിശയിൽ നിന്ന് വരുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിമുട്ടുകയായിരുന്നുവെന്ന് ജബൽപൂർ ജില്ല കലക്ടർ ദീപക് സക്സേന അറിയിച്ചു.