തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് ഡിസംബറില്‍ വരുമാന നേട്ടം. 31 ദിവസത്തെ വരുമാനമായി 240.48 കോടി രൂപയാണ് ലഭിച്ചത്. ശബരിമല ബസുകളില്‍ നിന്നുള്ള വരുമാനമാണ് നേട്ടമായത്. 240 കോടി രൂപയാണ് ഇത്തവണ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇത് മറികടന്നു. മാത്രമല്ല, 48.97 ലക്ഷം രൂപ അധികവും നേടി.
ഡിസംബറില്‍ ദക്ഷിണ മേഖലയില്‍ നിന്ന് 107.07 കോടി രൂപയും, മധ്യമേഖലയില്‍ നിന്ന് 79.19 കോടി രൂപയും ഉത്തരമേഖലയില്‍ നിന്ന് 54.21 കോടി രൂപയും നേടി. പ്രതിദിന ശരാശരി വരുമാനം 7.75 കോടി രൂപയാണ്.
ഡിസംബറിലെ ശമ്പളം ജനുവരി അഞ്ചിനുള്ളില്‍ കൊടുക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഡിസംബറില്‍ പൂര്‍ണ ശമ്പളം കൊടുക്കുന്ന പ്രവണതയുണ്ട്. ശബരിമല തീര്‍ഥാടകരില്‍ നിന്നുള്ള വരുമാനമാണ് ഇതിന് സഹായിക്കുന്നത്. ഇത്തവണയും സാമ്പത്തിക സഹായത്തിന് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ അധികൃതര്‍ വിശദീകരണത്തിന് തയാറായിട്ടില്ല.