തിക്കോടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) തിക്കോടി യൂണിറ്റിന്റെ വാർഷിക കൺവെൻഷനും മുതിർന്ന പെൻഷൻകാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ സാന്നിധ്യം പൊതുരംഗത്ത് സജീവമാകണമെന്നും, മറ്റു സംഘടനകളുമായി കൈകോർത്ത് സാമൂഹ്യ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മുതിർന്ന പെൻഷൻകാരായ അക്കം വീട്ടിൽ നാരായണി, വി.ടി. ഗോപാലൻ എന്നിവരെ കെ.എസ്.എസ്.പി.യു. ബ്ലോക്ക് സെക്രട്ടറി എ.കെ. ജനാർദ്ദനൻ പൊന്നാടയണിയിച്ച് ആദരിച്ചു. പോലീസ് വകുപ്പിൽ നിന്നും വിരമിച്ച വിജയൻ കോഴിപ്പുറത്തിന് ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ ഇബ്രാഹീം തിക്കോടി മെമ്പർഷിപ്പ് നൽകി സംഘടനയിലേക്ക് സ്വീകരിച്ചു. ഇതിനൊപ്പം തൃക്കോട്ടൂർ, പുറക്കാട് ഭാഗങ്ങളിലെ അവശത അനുഭവിക്കുന്ന രണ്ട് നിർധന കുടുംബങ്ങൾക്കുള്ള ‘കൈത്താങ്ങ്’ ധനസഹായ വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.ടി. ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് കൗൺസിലർ കെ.കെ. രാജൻ, യൂണിറ്റ് ട്രഷറർ വി.ടി. ഗോപാലൻ മാസ്റ്റർ, സെക്രട്ടറി ബാബു പടിക്കൽ, ജോയിന്റ് സെക്രട്ടറി ടി.എൻ. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
