കൈറ്റിന്റെ കീ ടു എൻട്രൻസ്: നീറ്റ് എൻട്രൻസ് മാതൃകാ പരീക്ഷ എഴുതാം

news image
May 2, 2025, 5:09 pm GMT+0000 payyolionline.in

പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ നീറ്റ് (NEET) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മെയ് 3 മുതൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.

entrance.kite.kerala.gov.in സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. നീറ്റ് (NEET) പരീക്ഷയുടെ അതേ തരത്തിലാണ് ചോദ്യഘടന. കുട്ടികൾക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസർനെയിമും പാസ്‌വേഡും നല്കി ലോഗിൻ ചെയ്താൽ ‘എക്‌സാം’ എന്ന വിഭാഗത്തിൽ ‘മോക് / മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാവുന്നതാണ്. നിലവിൽ 52020 കുട്ടികൾ കീ ടു എൻട്രൻസ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിനായി അവസരം നല്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സി.ഇ.യു.റ്റി മോഡൽ പരീക്ഷ പിന്നീട് നടത്തും.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂടൂബിലുമായി കഴിഞ്ഞ 5 മാസമായി നല്കി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 350 ഓളം വീഡിയോ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ entrance.kite.kerala.gov.in പോർട്ടലിൽ കാണുന്നതിനും അവസരമുണ്ട്. ഓരോ യൂണിറ്റിനും ശേഷം ആവശ്യാനുസരണം ടെസ്റ്റുകൾ എടുക്കാനുള്ള അവസരം നേരത്തേ നല്കിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ എൻജിനിയറിങ് മോഡൽ പരീക്ഷ നടത്തുന്നത്. മോക് ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe