കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; തെളിവെടുപ്പ് മുടങ്ങി, അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ

news image
Sep 18, 2022, 7:05 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിലെ തെളിവെടുപ്പ് മുടങ്ങി. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല. അതിനാല്‍, സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പൊലീസിന് കണ്ടെടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.

അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണ‍ർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. കേസന്വേഷണവും മുങ്ങിയ പ്രതികൾക്കായി തിരച്ചിലും പൊലീസ് ഈർജ്ജിതമാക്കിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്നും പി മോഹനൻ വിമര്‍ശിച്ചു. മെഡിക്കൽ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് പി മോഹനന്‍ കുറ്റപ്പെടുത്തുന്നത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe