*തിക്കോടിയിൽ പെൺകുട്ടിയെ രാത്രി ആറുവരി പാതയിൽ ഇറക്കി വിട്ട് സ്വകാര്യ ബസ്സിന്റെ ക്രൂരത വീണ്ടും: സംഭവം ഇന്നലെ രാത്രി നേരത്തെ നടപടിക്ക് വിധേയമായ അതേ ബസ്സ്*

news image
Oct 22, 2026, 5:09 am GMT+0000 payyolionline.in

തിക്കോടി: കോഴിക്കോട് നിന്നും തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത പെൺകുട്ടിയെ സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടതായി പരാതി. തിക്കോടി പാലൂർ സ്വദേശി നാരായണൻ എം.വി.യുടെ മകൾക്ക് ‘കൃതിക’ (KL AZ 6696) എന്ന സ്വകാര്യ ബസിൽ നിന്നുമാണ്‌ ദുരനുഭവമുണ്ടായത് . ഇതേ റൂട്ടിൽ സമാനമായ രീതിയിൽ മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി ഏകദേശം 7:50-ഓടെയായിരുന്നു സംഭവം. സർവീസ് റോഡിലൂടെ സഞ്ചരിച്ച് കൃത്യമായ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിന് പകരം ബസ് ഫ്ലൈ ഓവറിലൂടെ കയറിപ്പോവുകയായിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലും ബസ് നിർത്തിയില്ല. ഒടുവിൽ തിക്കോടി പെട്രോൾ പമ്പിന് കുറച്ചു മുന്നിലായി പെൺകുട്ടിയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇതിനു മുൻപും ഇതേ ‘കൃതിക’ ബസ്സിൽ നിന്ന് മറ്റ് യാത്രക്കാർക്കും സമാനമായ രീതിയിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . സ്റ്റോപ്പുകളിൽ നിർത്താതെയും സമയക്രമം പാലിക്കാതെയും ഫ്ലൈ ഓവറുകൾ വഴി വണ്ടി ഓടിച്ചുപോകുന്നത് യാത്രക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. സംഭവത്തിൽ യാത്രാ ടിക്കറ്റടക്കമുള്ള തെളിവുകളുമായി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് പെൺകുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe