കോഴിക്കോട് വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി: മൂന്നുതല സുരക്ഷയും കർശന നിയന്ത്രണങ്ങളും

news image
Apr 30, 2026, 4:27 am GMT+0000 payyolionline.in

കോഴിക്കോട്: മേയ് നാലിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എജ്യൂക്കേഷണൽ കോംപ്ലക്സ് എന്നീ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണ്ക്ഷൻ, സിസിടിവി കാമറകൾ തുടങ്ങിയ സംവിധാനങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

​വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ നൂറ് മീറ്റർ പരിധി പ്രത്യേക സോണായി പ്രഖ്യാപിക്കുകയും ഈ മേഖലയിൽ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്യും. മൂന്നുതലങ്ങളിലുള്ള ശക്തമായ സുരക്ഷാ വലയത്തിലായിരിക്കും ഓരോ കേന്ദ്രവും. പ്രവേശന കവാടങ്ങളിൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. റിട്ടേണിംഗ് ഓഫീസർമാർക്ക് ഒഴികെ മറ്റാർക്കും വോട്ടെണ്ണൽ മുറിക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.

​മാധ്യമപ്രവർത്തകർക്കായി പ്രത്യേക സജ്ജീകരണങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കും. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ്, റൂറൽ എസ്.പി ടി. ഫറാഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി. സുപിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. സുതാര്യവും സുരക്ഷിതവുമായ രീതിയിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe